Wednesday, September 16, 2015

നിരാശയുടെ പാട്ട്

കിട്ടാക്കടങ്ങളാണേറെയും മന്നിതില്‍
കിട്ടുന്നതൊന്നേ നിരാശ മാത്രം
കാണുവാനരുതാക്കാഴ്ചകള്‍ ചുറ്റിലും
കണ്ണു കലങ്ങാതിരിക്ക കഷ്ടം !

ജീവനില്ലാത്തതാം വേഷങ്ങളാടി ഹാ!
ജീര്‍ണ്ണിച്ചു ജീവന്റെ ഭൂരിഭാഗം
പ്രശ്നങ്ങള്‍ വള്ളിയും,പുള്ളിയുമായെന്റെ
പ്രജ്ഞയെ പാതിയുമന്ധമാക്കി

കിന്നാരമോതി മയക്കിക്കിടത്തിയെന്‍
കണ്ഠം ഞെരിക്കുന്നു ലോകജാലം
നല്ലവരാരെന്ന ചോദ്യത്തിനുത്തരം
നഷ്ടങ്ങള്‍ വന്നവരെന്നു ചൊല്ലാം !

തോടും, തൊടികളും,മേടും,മലകളും
ചെലൊത്തൊരാമ്പല്‍ക്കുളക്കടവും
കണ്ണീരുമായെന്നെയുറ്റു നോക്കീടവേ
കണ്ണടയ്ക്കാതെ ഞാനെന്തുചെയ്യും ?

ജീവിതമാണിതു ജീവിച്ചു തീര്‍ക്കുവാന്‍
ജീവച്ഛവം പോലുഴയ്ക്കുന്നു ഞാന്‍
ജീവിതമാണിതു നേരിന്റെ നേരിയ
നീര്‍ന്നാഡി പോലുമിന്നന്യമല്ലോ

മാധുര്യമേറും ഫലം തേടിത്തേടി ഞാന്‍
പാഴ്മരുഭൂമിയില്‍ വന്നു നില്പ്പൂ
ചെന്താമരക്കിളിര്‍ കണ്ടു മോഹിച്ചിന്നു
പൊട്ടക്കുളത്തില്‍ കുഴഞ്ഞുവീണു

ശീതളച്ഛായകള്‍ തേടി നടന്നു ഞാന്‍
കാരമുള്‍പൊന്തയില്‍ വീണുറങ്ങി
രാക്കുയില്‍പാട്ടിനെ പിന്തുടര്‍ന്നെത്തിയീ-
മൂങ്ങകള്‍ മൂളുന്ന കാനനത്തില്‍

ദൈവജനവുമായ് പാലിനും,തേനിനും
പാടിത്തളര്‍ന്നു ഞാനാന്തലോടെ
സ്വര്‍ഗ്ഗം തുറന്നില്ല,സംപ്രീതനായില്ല
സാന്ത്വനഗീതവും കേട്ടതില്ല !

രാജസദസ്സിലെ നഗ്നയാം നാരിയ്ക്ക്
നാണം മറയ്ക്കുവാനൊന്നുമില്ല
സര്‍വ്വതും കാണുന്നൊരീശ്വരനപ്പോഴും
ചൂതുകളിച്ചു തിമര്‍ത്തിടുന്നു !

കല്ലേറു കൊണ്ടൊരു അന്ത്യപ്രവാചകന്‍
മണ്ടപിളര്‍ന്നു മരിച്ചീടവേ
സാത്താന്റെ മേടയില്‍ ആടയില്ലാതല്ലീ
ദൈവങ്ങള്‍ നര്‍ത്തനമാടീടുന്നു

നല്ലൊരു നാളിന്റെ പാട്ടുമായെത്തിയ
പൈങ്കിളിപ്പെണ്ണിനെ ചുട്ടുതിന്നു
കൂരിരുള്‍ക്കാടിന്റെ നെഞ്ചം പിളര്ന്നോരാ
മിന്നാമിനുങ്ങിനെ ബന്ദിയാക്കി

പെറ്റിട്ടകുഞ്ഞിന്റെ നാവില്‍ പുരട്ടുവാന്‍
പാഷണമേന്തിയൊരമ്മ ചൊല്‍വൂ
"കണ്ണേ, മടങ്ങുകീയൂഷരഭൂമിയി-
ലുഷ്ണമാണുഷ്ണമാണെങ്ങുമെങ്ങും ! "

നേരിന്റെ വാക്കുകള്‍ നേരായ വാക്കുകള്‍
നോവാണു നല്കുകെന്‍ പൊന്നുതോഴാ..
നേരറിഞ്ഞീടുകില്‍ നേരേ നടക്കുകില്‍
നെഞ്ചം തുളക്കുമേ തീയുണ്ടകള്‍ !

വാക്കുകള്‍ വറ്റി വരണ്ടുകിടക്കുന്ന
വാഗ്ദത്തഭൂമിയെനിക്കു വേണ്ടാ
വയ്യാതെയായെനിക്കാവില്ലാ,പിന്നെയും
വല്ലായ്മയോടെ ചിരിച്ചീടുവാന്‍  !!

=============നിഖില്‍============